ഈയടുത്ത കാലത്തൊന്നും ഓര്‍മ്മകളില്‍ നിന്നും മാഞ്ഞു പോകാനിടയില്ലാത്ത കുറേയേറെ വാര്‍ത്തകളും ചിത്രങ്ങളും ഭാരതീയര്‍ക്ക് സമ്മാനിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ റംസാന്‍ മാസം കടന്നുപോയത്. വിശുദ്ധിയുടേയും പ്രാര്‍ഥനകളുടേയും മാസമായി ലോകമെങ്ങും മുസ്ലീങ്ങള്‍ കൊണ്ടാടാറുള്ള മാസമാണ് റംസാന്‍. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വര്‍ദ്ധിച്ച കൂട്ടക്കൊലകളുടേയും ഭീകരാക്രമങ്ങളുടേയും ഒരു കാലമായിട്ടാണ് ചുരുക്കം ചില രാജ്യങ്ങളിലെങ്കിലും ഇതനുഭവപ്പെട്ടുകൊണ്ടിരുന്നത്. സംഘര്‍ഷഭൂമികളായി മാറിയിരിക്കുന്ന അഫ്ഗാനിസ്ഥാനിലോ, പാകിസ്ഥാനിലോ, ഇറാക്കിലോ, യെമെനിലോ ഒക്കെ മാത്രമായി ഒതുങ്ങിയിരുന്ന അത്തരം 'വിശുദ്ധ' സംഘട്ടനങ്ങളൊന്നും ഭാഗ്യവശാല്‍ ഇന്‍ഡ്യക്കാരെ അധികമൊന്നും ബാധിച്ചിരുന്നില്ല. വിശ്വാസികള്‍ എല്ലാം മറന്ന് പ്രാര്‍ഥനകള്‍ക്കായി ആരാധനാലയങ്ങളില്‍ വന്‍തോതില്‍ ഒന്നിച്ചുകൂടുന്ന ഈ സന്ദര്‍ഭമാണ് കൂട്ടക്കൊലകള്‍ക്കുള്ള സുവര്‍ണ്ണവസരമായി അവരിലെ എതിര്‍ ഗ്രൂപ്പുകള്‍ തിരഞ്ഞെടുത്തിരുന്നത്. ഇത്തവണയും പതിവ് തെറ്റിയില്ല. യെമെനില്‍ ചാവേര്‍ ബോംബിങ്ങില്‍ ആഗസ്ത് രണ്ടാം വാരത്തില്‍ 45 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെങ്കില്‍, അഫ്ഗാനിസ്ഥാനില്‍ അതിന്‍റെ തൊട്ടടുത്ത ആഴ്ച മറ്റൊരു 50 പേര്‍ അതുപോലെ കൊല്ലപ്പെട്ടു. ഇറാക്കില്‍ മാത്രം 409 പേരാണ് ഈ റംസാന്‍ മാസത്തില്‍ മാത്രം കൊല്ലപ്പെട്ടത്. അവിടെ പരിക്കേറ്റവരുടെ എണ്ണം എണ്ണൂറാണ്. ഒരു ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയില്‍ വാളുകളും കത്തികളും മറ്റ് മാരകായുധങ്ങളുമായി ഒരു ബാര്‍ ആക്രമിച്ച് തകര്‍ത്ത ഇരുന്നൂറോളം പേര്‍ വന്ന ജനക്കൂട്ടത്തില്‍ ഭൂരിപക്ഷവും കൌമാരക്കാരായിരുന്നു. റഷ്യയില്‍ നടന്ന രണ്ട് വ്യത്യസ്ഥ ആക്രമണങ്ങളില്‍ ഏഴു പോലീസുകാരും മോസ്കില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുകയായിരുന്ന ഒരു വിശ്വാസിയും ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്കു പരിക്കേല്‍ക്കുകയുമുണ്ടായി. യെമെനില്‍ ഈദ് ദിവസം മോസ്ക്കുകളിലുണ്ടായ അല്‍ക്വെയ്ദ ആക്രമണത്തില്‍ ഇരുപതുപേര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ ഈദിന് തൊട്ടുമുമ്പായി ഫോണ്‍ ശൃംഖലകള്‍ നിശ്ചലമാക്കേണ്ടി വന്നു.