Friday, August 24, 2012

സമാധാനത്തിന്‍റെ മുഖപടം അഴിഞ്ഞുവീഴുമ്പോള്‍

ഈയടുത്ത കാലത്തൊന്നും ഓര്‍മ്മകളില്‍ നിന്നും മാഞ്ഞു പോകാനിടയില്ലാത്ത കുറേയേറെ വാര്‍ത്തകളും ചിത്രങ്ങളും ഭാരതീയര്‍ക്ക് സമ്മാനിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ റംസാന്‍ മാസം കടന്നുപോയത്. വിശുദ്ധിയുടേയും പ്രാര്‍ഥനകളുടേയും മാസമായി ലോകമെങ്ങും മുസ്ലീങ്ങള്‍ കൊണ്ടാടാറുള്ള മാസമാണ് റംസാന്‍. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വര്‍ദ്ധിച്ച കൂട്ടക്കൊലകളുടേയും ഭീകരാക്രമങ്ങളുടേയും ഒരു കാലമായിട്ടാണ് ചുരുക്കം ചില രാജ്യങ്ങളിലെങ്കിലും ഇതനുഭവപ്പെട്ടുകൊണ്ടിരുന്നത്. സംഘര്‍ഷഭൂമികളായി മാറിയിരിക്കുന്ന അഫ്ഗാനിസ്ഥാനിലോ, പാകിസ്ഥാനിലോ, ഇറാക്കിലോ, യെമെനിലോ ഒക്കെ മാത്രമായി ഒതുങ്ങിയിരുന്ന അത്തരം 'വിശുദ്ധ' സംഘട്ടനങ്ങളൊന്നും ഭാഗ്യവശാല്‍ ഇന്‍ഡ്യക്കാരെ അധികമൊന്നും ബാധിച്ചിരുന്നില്ല. വിശ്വാസികള്‍ എല്ലാം മറന്ന് പ്രാര്‍ഥനകള്‍ക്കായി ആരാധനാലയങ്ങളില്‍ വന്‍തോതില്‍ ഒന്നിച്ചുകൂടുന്ന ഈ സന്ദര്‍ഭമാണ് കൂട്ടക്കൊലകള്‍ക്കുള്ള സുവര്‍ണ്ണവസരമായി അവരിലെ എതിര്‍ ഗ്രൂപ്പുകള്‍ തിരഞ്ഞെടുത്തിരുന്നത്. ഇത്തവണയും പതിവ് തെറ്റിയില്ല. യെമെനില്‍ ചാവേര്‍ ബോംബിങ്ങില്‍ ആഗസ്ത് രണ്ടാം വാരത്തില്‍ 45 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെങ്കില്‍, അഫ്ഗാനിസ്ഥാനില്‍ അതിന്‍റെ തൊട്ടടുത്ത ആഴ്ച മറ്റൊരു 50 പേര്‍ അതുപോലെ കൊല്ലപ്പെട്ടു. ഇറാക്കില്‍ മാത്രം 409 പേരാണ് ഈ റംസാന്‍ മാസത്തില്‍ മാത്രം കൊല്ലപ്പെട്ടത്. അവിടെ പരിക്കേറ്റവരുടെ എണ്ണം എണ്ണൂറാണ്. ഒരു ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയില്‍ വാളുകളും കത്തികളും മറ്റ് മാരകായുധങ്ങളുമായി ഒരു ബാര്‍ ആക്രമിച്ച് തകര്‍ത്ത ഇരുന്നൂറോളം പേര്‍ വന്ന ജനക്കൂട്ടത്തില്‍ ഭൂരിപക്ഷവും കൌമാരക്കാരായിരുന്നു. റഷ്യയില്‍ നടന്ന രണ്ട് വ്യത്യസ്ഥ ആക്രമണങ്ങളില്‍ ഏഴു പോലീസുകാരും മോസ്കില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുകയായിരുന്ന ഒരു വിശ്വാസിയും ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്കു പരിക്കേല്‍ക്കുകയുമുണ്ടായി. യെമെനില്‍ ഈദ് ദിവസം മോസ്ക്കുകളിലുണ്ടായ അല്‍ക്വെയ്ദ ആക്രമണത്തില്‍ ഇരുപതുപേര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ ഈദിന് തൊട്ടുമുമ്പായി ഫോണ്‍ ശൃംഖലകള്‍ നിശ്ചലമാക്കേണ്ടി വന്നു.

ഇന്ത്യക്ക് പുറത്ത് സ്ഥിതി ഇതായിരുന്നപ്പോള്‍ മതഭീകരത അതിന്‍റെ കരാള മുഖങ്ങള്‍ പുറത്തെടുത്ത് ഇവിടേയും നമ്മെ ഞെട്ടിച്ചിരിക്കുകയാണ്. ജൂലൈ അവസാനത്തോടെ ആസാമിലെ കോക്രജാറില്‍ ഉടലെടുത്ത ചില പ്രശ്നങ്ങളെച്ചൊല്ലിയായിരുന്നു ഇന്‍ഡ്യയെ വിറങ്ങലിപ്പിച്ച സംഭവവികാസങ്ങളുടെ ചുരുളഴിഞ്ഞത്. കേരളത്തിലെ മാറാട് കലാപത്തിലെന്നപോലെ നടന്ന നാല് ബോഡോ യുവാക്കളുടെ കൊലപാതകം വളരെ പെട്ടെന്ന് തന്നെ വലിയ വര്‍ഗീയ കലാപമെന്ന നിലയിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. എണ്‍പതോളം പേര്‍ അതില്‍ കൊല്ലപ്പെട്ടു. നാലുലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാക്കപ്പെട്ടു. വളരെ വര്‍ഷങ്ങളായി ബംഗ്ലാദേശികളുടെ അനധികൃത കുടിയേറ്റത്തിന്‍റെ പേരില്‍ നിരവധി കലാപങ്ങള്‍ക്ക് വേദിയായിട്ടുള്ളവയാണ് ആസാം ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അനേകം ഗ്രാമങ്ങള്‍. ആ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സായുധ ഗോത്ര സംഘടനകളും തങ്ങളുടെ അക്രമ രാഷ്ട്രീയത്തിലൂടെ ഈ കലാപാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇത്രയും കാലം സംഭവിച്ചിരുന്നതു പോലെ പ്രാദേശികമായി ഒതുങ്ങി നില്‍ക്കുമായിരുന്ന ഒരു പ്രശ്നത്തെ മതവര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ രാജ്യമെങ്ങും പ്രചരിപ്പിക്കുകയും പ്രതിഷേധങ്ങള്‍ എന്ന പേരില്‍ വലിയ തോതിലുള്ള തെരുവ് യുദ്ധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തത് അക്ഷരാര്‍ഥത്തില്‍ ഭാരത ജനതയെ ഞെട്ടിക്കുക തന്നെ ചെയ്തു. മത ഭാഷാ വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ ദൈനംദിന ജീവിതത്തിന്‍റെ തിരക്കുകളില്‍ മുഴുകി ജനങ്ങള്‍ ഇടതിങ്ങി പാര്‍ക്കുന്ന ബോംബേ പോലുള്ള ഒരു കോസ്മോപൊളിറ്റന്‍ നഗരത്തില്‍ അവിശ്വാസീനമായ വേഗത്തിലായിരുന്നു അന്‍പത്തിനായിരത്തോളം വരുന്ന ജനക്കൂട്ടം തുറന്ന യുദ്ധത്തിനായി തെരുവിലിറങ്ങിയത്. എണ്ണമറ്റ സ്വകാര്യ പൊതുവാഹനങ്ങള്‍ തകര്‍ക്കപ്പെടുകയോ ചുട്ടുകരിക്കപ്പെടുകയോ ചെയ്തു. വെടിവയ്പിലും ആക്രമത്തിലും പെട്ട് രണ്ടു പേര്‍ കൊല്ലപ്പെടുകയും, പോലീസുകാരുള്‍പ്പെടെ ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിറ്റേദിവസത്തെ പത്രങ്ങള്‍ പുറത്തിറങ്ങിയത് ദേശസ്നേഹികളായ ഏതൊരു ഭാരതീയനേയും വേദനിപ്പിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടുമായിട്ടായിരുന്നു. 1857ലെ സ്വാതന്ത്ര്യ സമരപ്പോരാളികളുടെ സ്മാരകമായ 'അമര്‍ ജവാന്‍' നിഷ്ക്കരുണം അടിച്ചു തകര്‍ക്കുന്ന രണ്ട് പ്രതിഷേധക്കാരുടെ ചിത്രങ്ങളായിരുന്നു അവ. അതിലൊരുവന്‍ കാലുയര്‍ത്തി ചവിട്ടിയാണ് അതിനെ അവഹേളിച്ചത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ബോംബെയിലുണ്ടായ രണ്ടാമത്തെ തെരുവ് യുദ്ധമായിരുന്നു ഇത്. ഈ വര്‍ഷം തന്നെ മാര്‍ച്ച് മാസത്തില്‍ മുംബ്രയില്‍ സമൂഹവിവാഹാഘോഷം നടന്ന ഒരു മൈതാനത്ത് പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഖുറാന്‍ പേജുകള്‍ കണ്ടെത്തി എന്നപേരിലായിരുന്നു പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട ആ സംഘര്‍ഷം.

ആഗസ്റ്റ് 17 റംസാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച്ചയായിരുന്നു. എല്ലാ മുസ്ലീങ്ങളും നിര്‍ബന്ധമായും പ്രാര്‍ഥനയില്‍ മുഴുകി കഴിയേണ്ട ദിനം. അന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍, ലഖ്നൌ, അലഹബാദ് തുടങ്ങിയ നിരവധി പട്ടണങ്ങളില്‍ സംഭവിച്ചത് മതഭ്രാന്തിന്റെ മറ്റൊരു ഭയാനക പ്രകടനമായിരുന്നു. വെള്ളിയാഴ്ച്ചത്തെ മദ്ധ്യാഹ്ന പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ മുസ്ലീം ജനക്കൂട്ടങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചുറച്ചവരെപ്പോലെ അവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ബുദ്ധ-മഹാവീര വിഗ്രഹങ്ങളുടെ നേര്‍ക്ക് പാഞ്ഞടുത്തു. ഡസന്‍ കണക്കിന് അക്രമികള്‍ കൊടികളും പ്ലക്കാര്‍ഡുകളുമായി ആ ദിവ്യാത്മാക്കളുടെ വിഗ്രഹങ്ങളുടെ പുറത്തേക്കും തോളിലേക്കും കയറിനിന്ന് അവഹേളിച്ചു. ഭഗവാന്‍ മഹാവീരന്‍റെ വിഗ്രഹത്തിന്‍റെ മൂക്കും കൈകാലുകളും തല്ലിത്തകര്‍ത്ത് വികൃതമാക്കുകയും ചെയ്തു. ഇന്‍ഡ്യയിലെ വോട്ടുബാങ്കിന്‍റെ ശക്തിപരീക്ഷയില്‍ ഒരു രീതിയിലും പ്രതീക്ഷക്ക് വകയില്ലാത്ത ബുദ്ധ-ജൈന വിശ്വാസികളുടെ നേര്‍ക്കുനടന്ന ഈ അതിക്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ വളരെ ചുരുക്കം ചില പത്രങ്ങള്‍ മാത്രമേ തയാറായുള്ളൂ. അതുകൊണ്ടു തന്നെ അവ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയി. ബര്‍മ്മയില്‍ രണ്ട് മൂന്നു മാസം മുമ്പ് മുസ്ലീങ്ങളും ബുദ്ധന്മാരും തമ്മിലുണ്ടായ ചില കലാപങ്ങളെ ചൊല്ലിയായിരുന്നു, ആ പ്രശ്നങ്ങളുമായി ഒരു രീതിയിലും ബന്ധപ്പെടുത്താനാവാത്ത യു പി യിലെ ബുദ്ധന്‍മാരുടെയും ജൈനന്‍മാരുടേയും നേര്‍ക്കുനടന്ന ഈ കൈയ്യേറ്റം.

സ്വബോധം പണയം വച്ചിട്ടില്ലാത്ത കുറച്ചു മുസ്ലീങ്ങളെങ്കിലും ഭ്രാന്തിന്‍റെ ഈ പ്രകടനങ്ങളെ അപലപിക്കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും ഈ സംഭവ വികാസങ്ങള്‍ പല പുതിയ ചോദ്യങ്ങളും ഉയര്‍ത്തിവിടുകയാണ്. ഈ സമാധാന കാംക്ഷികളുടെ ശബ്ദങ്ങള്‍ ആത്മാര്‍ഥതയുടെതാണെങ്കില്‍ കാര്യങ്ങള്‍ അവരുടേയും കൈ വിട്ടുപോകുകയാണ് എന്നതിന്‍റെ സൂചനയാണത്. ജനക്കൂട്ടങ്ങളെ സംബന്ധിച്ച് മതം വിവേകത്തിന്റേതല്ല വികാരത്തിന്റേതാണ് എന്നതാണ് അവസ്ഥ. മതേതരത്വത്തിന്റെ പേരില്‍ ഈ ദേശവിരുദ്ധ മതഭ്രാന്തിനെ എത്രത്തോളം താലോലിക്കാന്‍ കഴിയും എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. തങ്ങള്‍ ഏറ്റവും വിശുദ്ധമാസമെന്ന് ലോകത്തിനു മുമ്പില്‍ കൊട്ടിഘോഷിക്കുന്ന ഒരു വേളയില്‍, അതും സൂര്യോദയം മുതല്‍ അസ്തമയം വരെ ജലപാനമില്ലാതെ ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയണം എന്ന് നിഷ്ക്കര്‍ഷിക്കപ്പെടുന്ന ഒരു വേളയില്‍ പോലും തുറന്ന യുദ്ധങ്ങള്‍ക്ക് തയ്യാറായി ആയിരക്കണക്കിന് പേര്‍ക്ക് തെരുവില്‍ ഇറങ്ങാന്‍ കഴിയുന്നതെങ്ങനെ ? അതും ഒരു പ്രശ്നം നമ്മുടെ നാട്ടില്‍ കൈയ്യേറ്റം നടത്തിക്കൊണ്ടിരിക്കുന്ന വിദേശികളായ ബംഗ്ലാദേശികളെ സംബന്ധിച്ചുള്ളതാണെങ്കില്‍ മറ്റേത് ബര്‍മ്മയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തെ ചൊല്ലിയാണ്. അതിന്‍റെ പേരില്‍ ജനക്കൂട്ടങ്ങള്‍ക്ക് വികാരമിളകുന്നത് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെക്കിടക്കുന്ന ഇന്‍ഡ്യന്‍ നഗരങ്ങളില്‍ എന്നതാണ് ശ്രദ്ധേയമായ വസ്തുത.

അതിനെച്ചൊല്ലി ഇന്നിപ്പോള്‍ പുറത്തുവന്നിട്ടുള്ള പുതിയ വാര്‍ത്ത, പാകിസ്ഥാനിലെ ഐ എസ് ഐ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായി ബര്‍മ്മയിലെയും ആസ്സാമിലേയും സംഭവങ്ങളെക്കുറിച്ച് കൃത്രിമം ചെയ്ത് പ്രചരിപ്പിച്ച എം എം എസ് മെസ്സേജുകള്‍ ഈ ആക്രമങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നതാണ്. എന്നാല്‍ ഏത് മെസ്സേജിന്‍റെ അടിസ്ഥാനത്തിലായാലും മതവെറിപൂണ്ട് പൊടുന്നനെ തെരുവുകളിലേക്ക് ഇറങ്ങാന്‍ പാകത്തില്‍ ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടങ്ങള്‍ ഇന്ത്യയിലെ നഗരങ്ങളില്‍ ഉണ്ടായി വരുന്നു എന്നതല്ലേ ഇതിലെ പാകിസ്ഥാന്‍ പങ്കിനേക്കാള്‍ ചിന്തനീയമായ വിഷയം ? ഇസ്ളാമിക രാഷ്ട്രമായി ലോകത്തിനുമുമ്പില്‍ സ്വയം അവരോധിക്കുന്ന പാകിസ്ഥാന്‍, റംസാന്‍ മാസത്തില്‍ കാട്ടിത്തന്ന വിശുദ്ധിയുടെ മാതൃക ഇതാണ് ! ഭാരതമെമ്പാടും നിരപരാധികളായ അസംഖ്യം ജനങ്ങള്‍ തമ്മില്‍ത്തല്ലി മരിക്കാനുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുകയായിരുന്നു അവര്‍. ഇന്‍ഡ്യയിലെ മുസ്ലീങ്ങള്‍ക്ക് അതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചാലും, തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടന്നു കിട്ടണം എന്നുമാത്രമേ അവര്‍ക്കുള്ളൂ.

റംസാന്‍റെ അവസാന ആഴ്ചയില്‍ അക്രമം ഭയന്ന് ബാംഗ്ലൂര്‍, ഹൈദരാബാദ്, ബോംബേ, ചെന്നൈ തുടങ്ങിയ വിദൂര നഗരങ്ങളില്‍ നിന്ന് വടക്കു കിഴക്കന്‍ സംസ്ഥാനക്കാരായ ആയിരക്കണക്കിന് പേര്‍ സ്വദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന സ്ഥിതി വിശേഷവുമുണ്ടായി. മന്ത്രിമാരുടെയും പോലീസ് അധികാരികളുടെയും, സമാധാന കാംക്ഷികളായ മുസ്ലീംനേതാക്കളുടേയും ഉറപ്പുകളൊന്നും തന്നെ അവരുടെ ഭയത്തെ കുറയ്ക്കാന്‍ പര്യാപ്തമായില്ല.

നാമെങ്ങോട്ടാണ് മുന്നേറുന്നത് ? നമ്മുടെ ഭാരതം മറ്റൊരു ലിബിയയോ, യെമെനോ, അഫ്ഗാനിസ്ഥാനോ ആയി മാറുകയാണോ ? ലോകത്തിന്‍റെ മേല്‍ അധീശത്വം സ്ഥാപിക്കാനായി മല്‍സരിക്കുന്ന സംഘടിത മതങ്ങളുടെ രാഷ്ട്രീയ വടംവലികളില്‍ നമ്മുടെ മാതൃഭൂമിയും മറ്റൊരു ചുടലപറമ്പാക്കി മാറ്റപ്പെടുകയാണോ ?

No comments:

Post a Comment