അടുത്തിടെ മതപണ്ഡിതന്‍ എന്ന് അനുയായികളാല്‍ വാഴ്ത്തപ്പെടുന്ന കേരളത്തിലെ ഒരു മാന്യദേഹം, മറ്റു മതങ്ങളെ കുറിച്ച് 'പഠിച്ച്' എഴുതിയ ഒന്ന് രണ്ടു പുസ്തകങ്ങളെക്കുറിച്ചു കേള്‍ക്കാനിടയായി. താമസിയാതെ അതിലൊരെണ്ണം വായിക്കാനും അവസരം കിട്ടി. തന്റെ വിശ്വാസ പ്രമാണങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വഴങ്ങാത്ത എന്തെല്ലാം മറ്റെവിടെയെല്ലാം പറഞ്ഞിട്ടുണ്ടോ അതൊക്കെയും അടിസ്ഥാന രഹിതമെന്ന് കുറഞ്ഞപക്ഷം തന്‍റെ അനുയായികളെയെങ്കിലും വിശ്വസിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമാണ് അദ്ദേഹത്തിന്റെ ഈ മത താരതമ്യപഠനം.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. തങ്ങളുടെ അന്ധതയുടെ ആഴങ്ങളെക്കുറിച്ചു ഒരു ധാരണയുമില്ലാത്തപ്പോഴും, മറ്റുള്ളവരെയെല്ലാം ഏതു വിധേനയും മാര്‍ഗം കൂട്ടുകയാണ് തന്‍റെ നിയുക്ത കര്‍മ്മമെന്ന വെളിപാടുമായി നടക്കുന്ന ഒട്ടനവധിപേര്‍ ഇന്നുണ്ട്. അടുത്ത ഇരുപതോ മുപ്പതോ കൊല്ലങ്ങള്‍ക്കുള്ളില്‍ എപ്രകാരം ഈ ലോകം മുഴുവന്‍ തങ്ങളുടെ വിശ്വാസപ്രമാണങ്ങളിലേക്ക് മാറ്റപ്പെടും എന്നതരത്തിലുള്ള ദിവാ സ്വപ്നങ്ങളില്‍ മുഴുകിക്കഴിയുകയാണ് അവരില്‍ ഒട്ടു മിക്കവരും. ഇക്കാലത്ത് നിത്യജീവിതത്തില്‍ ഇപ്രകാരമുള്ള അനവധി കഥാപാത്രങ്ങളെ കണ്ടുമുട്ടാം. ഈ ലക്ഷ്യത്തിനു വേണ്ടി എന്തൊക്കെ വേണമെങ്കിലും ചെയ്യാന്‍ തങ്ങള്‍ക്ക് ദൈവികമായ അനുമതിയും നിയോഗവും കിട്ടിയിട്ടുണ്ടെന്ന് അവര്‍ സ്വയം വിശ്വസിക്കുന്നു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കിരാതത്വം മുതല്‍ കുത്സിത മാര്‍ഗങ്ങളിലൂടെയുള്ള അസത്യപ്രചരണം, വഞ്ചന എന്നു വേണ്ട എന്ത് മാര്‍ഗവും അവലംബിക്കാന്‍ അവര്‍ തയ്യാറാവുന്നു. എല്ലാം സര്‍വശക്തനും, ജഗത്പിതാവുമായ ഒരീശ്വരന്റെ ജോലി എളുപ്പമാക്കി തീര്‍ത്ത് അദ്ദേഹത്തെ സന്തോഷിപ്പിക്കാനെന്ന മട്ടില്‍ !
മേല്‍പ്പറഞ്ഞ പണ്ഡിതന്‍ കൈവയ്ക്കുന്ന ഒരു വിഷയം ഹൈന്ദവ, ബൌദ്ധ മതങ്ങളുള്‍പ്പെടെ പ്രാചീനമായ ഒട്ടനവധി മതങ്ങളിലെ പ്രധാന വിശ്വാസങ്ങളിലൊന്നായ പുനര്‍ജ്ജന്മം ആണ്. അതു തെറ്റാണെന്ന് സ്ഥാപിക്കാനുള്ള വകയൊന്നും കൈവശമില്ലെന്ന് ബോദ്ധ്യമുള്ള അദ്ദേഹം, അതൊക്കെ ചൂഷണത്തിന് വേണ്ടി സ്ഥാപിത താത്പര്യക്കാര്‍ പടച്ചുണ്ടാക്കിയ ആശയങ്ങളാണെന്ന് സിദ്ധാന്തിക്കാന്‍ ശ്രമിക്കുന്നു. ഇന്ന് ലോകമെങ്ങുമുള്ള ശാസ്ത്രഗവേഷകരുടെ ഇഷ്ടവിഷയങ്ങളിലോന്നാണ് പാസ്റ്റ് ലൈഫ് റിഗ്രഷന്‍ തെറാപ്പി എന്നതും, അത് മനശാസ്ത്രചികിത്സാ രംഗത്ത് വന്‍ തോതില്‍ ഉപയോഗപ്പെടുത്തി വരുന്നു എന്നതുമൊന്നും അദ്ദേഹം അറിഞ്ഞ മട്ടില്ല. പൂര്‍വജന്മസ്മരണകള്‍ ഉണ്ടെന്നു അവകാശപ്പെടുന്ന ഒട്ടനവധി സംഭവങ്ങള്‍ ആധുനിക പഠനങ്ങള്‍ക്ക് വിഷയമാക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പല കേസുകളും ശാസ്ത്രജ്ഞന്‍മാര്‍ക്ക് മുന്നില്‍ ഇന്നും പ്രഹേളികകളായി നിലനില്‍ക്കുന്നു. അങ്ങനെയൊന്ന് ഇല്ല എന്ന് പറയാന്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭര്‍ ഇന്ന് തയ്യാറല്ല. ഡോ. ബ്രിയാന്‍ വേയിസ്സിന്‍റെ (Dr. Brian Weiss) "Many Lives, Many Masters" എന്ന ലോകപ്രശസ്ത ഗ്രന്ഥം ഇക്കാര്യത്തില്‍ എടുത്തു പറയേണ്ട ഒന്നാണ്.
ഈശ്വരനെ തന്‍റെ വിശ്വാസത്തിനും സങ്കല്‍പ്പത്തിനും അനുസരിച്ച് എങ്ങനെ വേണമെങ്കിലും ആരാധിക്കാം എന്ന ഭാരതീയ ദര്‍ശനമാണ് ചോദ്യം ചെയ്യപ്പെടുന്ന മറ്റൊരാശയം. ശ്രീരാമകൃഷ്ണ പരമഹംസനും, വിവേകാനന്ദനും ഒക്കെ സ്വജീവിതത്തിലൂടെ ഈയടുത്ത കാലത്തുപോലും പ്രയോഗിച്ചു സാക്ഷാത്കരിച്ചു കാട്ടിതന്ന ഈ സത്യം അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നതില്‍ അദ്ഭുതമില്ല. ഈശ്വരാരാധന ഈശ്വരാന്വേഷണമാണ്. അതൊരു ലളിത സത്യം മാത്രം. എല്ലാ അന്വേഷണവും അനുഭവത്തിലെത്തി ചേരുന്നതിനു വേണ്ടിയാണ്. അനുഭവത്തിലെത്തി ചേര്‍ന്നവന് വിശ്വാസത്തിന്റെ ഊന്നു വടി പിന്നീടൊട്ടു ആവശ്യമില്ല താനും. അതുവരെയും അവലംബമാക്കിയിരുന്ന വിശ്വാസങ്ങളുടെ പരിമിതികളും അപൂര്‍ണതകളും അനുഭവത്തോടെ അപ്രസക്തമായി തീരുന്നു. ഈ ലോക ജീവിതമാകുന്ന ഇന്ദ്രജാലത്തില്‍ നിന്നു പുറത്തു കടക്കുന്നതിനായി വിശ്വാസങ്ങളുടെ ഈ മനശാസ്ത്ര രഹസ്യത്തെ ഉപയോഗപ്പെടുത്തി വിജയം വരിച്ചവരായിരുന്നു ഭാരതീയ ഋഷിമാര്‍.
സാര്‍വ്വ ലൌകികമാണ് ഈശ്വരാനുഭവം. വായുവും, സൂര്യ പ്രകാശവും പോലെ ആര്‍ക്കും എപ്പോഴും എവിടേയും സുലഭമാണത്. അങ്ങനെയായിരിക്കണം. എങ്കിലും തങ്ങള്‍ക്ക് മാത്രമാണ് ഈശ്വരന്റെ Wholesale Dealership കിട്ടിയിട്ടുള്ളതെന്ന മട്ടിലുള്ള ബാലിശമായ അവകാശവാദങ്ങള്‍ പല തെമ്മാടിക്കൂട്ടങ്ങളും വച്ചു പുലര്‍ത്തുന്നു. അത്തരം അവകാശവാദങ്ങള്‍ ലോകത്തെ വീണ്ടും വീണ്ടും കലുഷിതമാക്കി കൊണ്ടിരിക്കുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ച ഒരു ആത്മകഥ ഓര്‍മ വരുന്നു. 'ഒരു സാധകന്റെ സഞ്ചാരം' എന്നും 'സാധകന്‍ സഞ്ചാരം തുടരുന്നു' എന്നും രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട ആ കൃതി, അഹങ്കാരത്തിന്റെ തരിമ്പു പോലും ഏശാത്ത ശുദ്ധ മനസ്സിനുടമയായ ഒരു സാധാരണ ഭക്തന്റെ ഈശ്വരാന്വേഷണത്തിന്റെ കഥയാണ്. റഷ്യക്കാരനായ ഈ അജ്ഞാതന്‍ ആഴ്ച തോറുമുള്ള ബൈബിള്‍ ക്ലാസ്സുകളിലൊന്നില്‍ കേട്ടറിഞ്ഞ ഒരു ആത്മീയ തത്വത്തിന്റെ പൊരുള്‍ തേടി ഇറങ്ങുന്നു. അത് അദ്ദേഹത്തെ ഗുരുത്വം, വിനയം, ക്ഷമ, പ്രേമം, സത്യം തുടങ്ങിയ സാര്‍വ്വ ലൌകിക ഗുണങ്ങളിലേക്കും തുടര്‍ന്ന് അത്ഭുതകരമായ അന്തര്‍ ദര്‍ശനങ്ങളിലേക്കും നയിക്കുന്നു. മത ചട്ടക്കൂടുകളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും മനസ്സിലാക്കിയെടുക്കുന്ന ഇടുങ്ങിയതും, വികലവുമായ ആശയങ്ങളില്‍ നിന്നും എത്രയോ വ്യത്യസ്തമായി പ്രത്യക്ഷാനുഭവങ്ങളുടെ വിശാല ലോകത്തേക്ക് അദ്ദേഹം കടന്നു ചെല്ലുന്നു. ആ കൃതി നല്‍കുന്ന സാര്‍വ ലൌകികതയുടെ ഈ സന്ദേശം തന്നെയാണ് ഒരു ക്രിസ്ത്യന്‍ ഭക്തന്റെ അത്മീയാന്വേഷണത്തിന്റെ ഈ കഥയെ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു ഹൈന്ദവ മിഷണറി സംഘടനയായ ശ്രീരാമകൃഷ്ണമിഷന് പ്രചോദനമായത്. മതപരവും വിശ്വാസപരവുമായ അതിര്‍ വരമ്പുകള്‍ ഇവിടെ മാഞ്ഞു പോകുന്നു.
ഈശ്വരനെന്ന സാര്‍വ ലൌകികാനുഭവത്തെ ഏറ്റവുമധികം പ്രകാശിപ്പിച്ചു കാട്ടിയ ഒരു മഹാപുരുഷനായിരുന്നു ഷിര്‍ദിയിലെ സായി ബാബ. പാഴടഞ്ഞ ഒരു മസ്ജിദില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വാസം. വേഷവിധാനത്തിലും, പ്രവൃത്തികളിലും ഒരു മുസ്ലിം ഫക്കീറിന്റെ ലക്ഷണങ്ങള്‍. എന്നാല്‍ ജാതിമഹിമയുടെ കെട്ടുപാടുകളില്‍ ബന്ധിതരായിരുന്ന ഒട്ടനവധി യാഥാസ്ഥിതിക ബ്രാഹ്മണര്‍ക്ക് ആ പാദങ്ങളില്‍ തങ്ങളുടെ 'അഹത്തെ' ബലിയര്‍പ്പിക്കേണ്ടി വന്നു ! ആടിന്‍ മാംസം ചേര്‍ത്ത പുലാവ് പാകം ചെയ്ത് പ്രസാദമായി വിതരണം ചെയ്തിരുന്ന ആ ഫക്കീറിനെ അവര്‍ ഈശ്വരനും അവതാരവുമായി ഹൃദയങ്ങളില്‍ പ്രതിഷ്ടിച്ച് ആരാധിച്ചു. ആത്മാനുഭവത്തിന്റെ പൂര്‍ണത മാത്രമാണ് ഈശ്വരന്‍ എന്ന ലളിത സത്യത്തില്‍ പ്രതിഷ്ടിതനായിരുന്ന അവിടുന്നാകട്ടെ സനാതനമായ ഈ ഈശ്വര-ഭക്ത ബന്ധത്തെ സര്‍വാത്മനാ അംഗീകരിക്കുകയും ചെയ്തു. തങ്ങളുടെ ഗ്രന്ഥജ്ഞാനത്തെയും, ബൌദ്ധിക പരിമിതികളേയും അതിലംഘിക്കുന്നതാണ് ഒരു മഹാത്മാവിന്റെ സാക്ഷാത്കാരാനുഭവതലം എന്ന് ആ ജാത്യഭിമാനികള്‍ എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. സ്ഥലകാലങ്ങളുടെ പരിമിതികളെ ലംഘിച്ചു നില്‍ക്കുന്ന തന്‍റെ ആത്മബോധത്തിന്റെ ഒളിമിന്നലുകള്‍ ആ പാഴടഞ്ഞ മസ്ജിദിലിരുന്നു കൊണ്ട് അദ്ദേഹമവര്‍ക്ക് കാട്ടിക്കൊടുത്തു.
'അള്ളാ മാലിക്ക്' എന്നുച്ചരിച്ച്, ഭക്തരെ ആശീര്‍വദിച്ചിരുന്ന, മസ്ജിദ് വാസിയായ ബാബയെ, മുസ്ലിംകളും അകമഴിഞ്ഞ് വിശ്വസിച്ചതില്‍ അത്ഭുതമില്ല. എന്നാല്‍ ഇടുങ്ങിയ മതാന്ധതയിലേക്ക് വീഴാന്‍ അദ്ദേഹമവരെ അനുവദിച്ചില്ല. ജന്മാന്തരങ്ങളിലൂടെ കടന്നു വരുന്ന ജീവന്റെ രഹസ്യങ്ങള്‍ ബാബയുടെ ദിവ്യവാണികളിലൂടെ അവര്‍ പഠിച്ചു. ഗുരു എന്ന സങ്കല്‍പ്പത്തെയും, അവതാരം എന്ന ആത്മീയ പ്രതിഭാസത്തെയും അവര്‍ അടുത്തറിഞ്ഞു. ആരാധനയ്ക്ക് വിഗ്രഹങ്ങളുടെയും, പ്രതീകങ്ങളുടെയും ആവശ്യകത അവര്‍ക്ക് ബോധ്യപ്പെട്ടു. ഏതു ദേവീ ദേവന്മാരുടെ നാമ-രൂപങ്ങളിലും രൂപരഹിതമായ തത്വമെന്ന നിലയ്ക്കും ആരാധിക്കപ്പെടുന്നത് ഒരേ ഒരു പരമാത്മാവ് തന്നെയെന്നു വിനയപൂര്‍വ്വം അവര്‍ തിരിച്ചറിഞ്ഞു. പരിമിത ബുദ്ധികളായ തന്‍റെ ഭക്തന്മാരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെയായിരുന്നു ബാബ ഈ അത്ഭുത പരിവര്‍ത്തനം സാധിച്ചത്. ആര്‍ക്കും ഒരിക്കലും ഉടമസ്ഥതയോ ഏജെന്‍സിയോ അവകാശപ്പെടാന്‍ കഴിയാത്ത ഈശ്വരത്വത്തിന്‍റെ പ്രത്യക്ഷ പ്രകാശനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
Quantum physics ന്റെ ഉപജ്ഞാതാവായ Max Plank മുതല്‍ Global Energy Parliament ലെ ശാസ്ത്രജ്ഞര്‍ വരെയുള്ളവര്‍, ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും കേവലം ചൈതന്യ സംഘാതങ്ങള്‍ ആണെന്ന് സമര്‍ഥിക്കുന്നു. അതിവിശാലമായ സമുദ്രത്തില്‍ ഒഴുകി നടക്കുന്ന ഐസു കട്ടകളെപ്പോലെ, അനന്തമായ ചൈതന്യ സമുദ്രത്തില്‍ വിഹരിക്കുന്ന ചൈതന്യ വസ്തുക്കളാണ് എല്ലാം എന്ന തിരിച്ചറിവിലേക്ക് ശാസ്ത്രം മനുഷ്യനെ നയിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ അര്‍ത്ഥമെന്താണ്? 'തത്വമസി' എന്ന ഭാരതീയ ദര്‍ശനം തന്നെ. എല്ലാം ഏകോദര സഹോദരങ്ങളാണെന്നു മാത്രമല്ല, എല്ലാം ഒന്നാണെന്ന് കൂടിയാണ്. ഒന്നിനുണ്ടാകുന്ന വേദനയും, നാശവും എല്ലാറ്റിനെയും ബാധിക്കുന്നു. "മറ്റെല്ലാറ്റിനെയും ഇല്ലായ്മ ചെയ്ത് ഞങ്ങള്‍ മാത്രം നിലനില്‍ക്കും" എന്നുള്ളത് വെറും മതഭ്രാന്തു നിറഞ്ഞ മൂഡ വിശ്വാസമാണ്. അത് ഒരിക്കലും ഈശ്വരേച്ഛ അല്ല.
Recommended Read ശ്രീരാമകൃഷ്ണലീലാമൃതം, ശ്രീസായിസച്ചരിതം
No comments:
Post a Comment